കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ മുറിഞ്ഞുപോയ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ നേപ്പാളിനു പാലമായി ഇന്ത്യയും ചൈനയും. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും നൽകിയ താത്കാലിക പാലങ്ങളെ ആശ്രയിക്കുകയാണ് നേപ്പാൾ.
റോഡുകൾക്കും പാലങ്ങൾക്കും 3000 കോടി നേപ്പാൾ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് നേപ്പാൾ റോഡ് ഗതാഗത വകുപ്പ് കണക്കാക്കിയിരിക്കുന്നത്. പുനർനിർമാണത്തിന് ഏകദേശം 5000 എൻപിആർ ചെലവ് വരുമെന്നു പറയുന്നു.
റസുവയ്ക്കും ചിത്വാനും ഇടയിൽ 41 പാലങ്ങളാണു നശിച്ചത്. നാലു പാലങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ പ്രദേശത്തെ 63 പാലങ്ങളിൽ 18 എണ്ണം മാത്രമാണ് മലവെള്ളപ്പാച്ചിലിൽ തകരാതെ പിടിച്ചുനിന്നത്. നിരവധി പ്രധാന റോഡുകളും പ്രളയത്തിൽ ഒലിച്ചുപോയി.
റസ്വയും നുവാക്കോട്ടുമായുള്ള റോഡ് ബന്ധം വിച്ഛേദിച്ചു. ഫുർകെ ഖോലയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ ധാഡിംഗ് ജില്ലാ ആസ്ഥാനമായ ധാഡിംഗ്ബേസിയിൽനിന്ന് പൃഥ്വി ഹൈവേയിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. താത്കാലിക പാലങ്ങൾ സ്ഥാപിക്കുന്നതിനായി ഒലിച്ചുപോയ റോഡുകൾ തുറക്കാൻ റോഡ് വകുപ്പ് ആരംഭിച്ചതായി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശുഭരാജ് ന്യൂപാനെ പറഞ്ഞു.